കൊച്ചി: എറണാകുളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണു. ഇതേ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. പത്തോളം ട്രെയിനുകള്‍ ഇപ്പോള്‍ വൈകിയാണ് ഓടുന്നത്.
കേസില്‍ പെട്ട് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരമാണ് പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക് മറിഞ്ഞ് വീണത്. തുടര്‍ന്ന് റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ മരം തട്ടി തീപിടിച്ചു. വലിയ ശബ്ദത്തോടെയാണ് മരം ഒടിഞ്ഞുവീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
മഴയില്‍ മരം നനഞ്ഞിരുന്നതിനാല്‍ തീ ആളിക്കത്തിയില്ല. അതിനിടെ മരം മുറിച്ചു മാറ്റുന്നതിനിടെ മരച്ചില്ല വീണ് പൊലീസുകാരന് പരിക്കേറ്റു. ഇദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.