'ശാപ്പാട് രാമനും കല്യാണ രാമനുമാകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം': ഷാഫിക്ക് മുല്ലപ്പള്ളിയുടെ ഉപദേശം

'ശാപ്പാട് രാമനും കല്യാണ രാമനുമാകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം': ഷാഫിക്ക് മുല്ലപ്പള്ളിയുടെ ഉപദേശം

വടകര: ശാപ്പാട് രാമനും കല്യാണ രാമനുമൊന്നും ആകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണമെന്ന് ഷാഫി പറമ്പില്‍ എം പിക്ക് മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം.

വടകരയിലെ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദേഹം. താന്‍ ആദ്യമായി എംപിയായ ശേഷം പത്ത് വര്‍ഷക്കാലം ഈ ഓഫീസില്‍ നിന്നാണ് പ്രവര്‍ത്തിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

എല്ലാ അര്‍ത്ഥത്തിലും വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച ഒരു ഓഫീസായിരുന്നു ഇതെന്നും തനിക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നും ഓഫീസിന്റെ ചുമതല ഉണ്ടായിരുന്നവരെല്ലാം തികഞ്ഞ ജാഗ്രതയോടാണ് പ്രവര്‍ത്തിച്ചതെന്നും അദേഹം പറഞ്ഞു.

'ഞങ്ങള്‍ വടകരക്കാര്‍ ഏറെ ആഥിത്യ മര്യാദയുള്ള ആളുകളാണ്. നിങ്ങളൊക്കെ ഞങ്ങളുടെ വീടുകളിലേക്ക് വരണം എന്നത് ഞങ്ങളുടെ ആഗ്രഹമാണ്. പക്ഷേ എല്ലായിടത്തും എത്തിച്ചേരാന്‍ സാധിക്കുമോ. അങ്ങനെയൊരു കല്യാണ രാമന്‍ ആകാന്‍ സാധിക്കില്ല എന്ന് മനസിലാക്കണം.

അപ്പോള്‍ ശാപ്പാട് രാമനും കല്യാണ രാമനുമൊന്നും ആകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി നിങ്ങള്‍ മാറണമെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങയെ കാണാന്‍ വരുന്ന ആളുകളെയെല്ലാം തുല്യമായി കാണണം'- മുല്ലപ്പള്ളി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.