തിരുവനന്തപുരം: കോഴിക്കോട് തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ കണക്ഷന്‍ പുനസ്ഥാപിക്കാന്‍ ഉപാധി വെച്ച് കെഎസ്ഇബി. ഇനി ജീവനക്കാരെ മര്‍ദ്ദിക്കില്ലെന്ന ഉറപ്പു നല്‍കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്.
ഉറപ്പ് കിട്ടിയാല്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കെഎസ്ഇബി നിര്‍ദേശം നല്‍കി. ഓഫീസ് ആക്രമണത്തില്‍ നിയമ നടപടി തുടരുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
കെഎസ്ഇബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ പ്രസ്തുത ഭവനത്തിലെ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്ന് ബിജു പ്രഭാകര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അത്തരത്തില്‍ ഒരു ഉറപ്പ് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമിച്ചയാളുടെ പിതാവിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതില്‍ പത്തെണ്ണം കൊമേഷ്യല്‍ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്ക് തര്‍ക്കവും ഭീഷണിയും പതിവാണ്.
ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുകയും ഇവരില്‍ നിന്നും കെഎസ്ഇബിക്കുണ്ടായ നാശ നഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ കണക്ഷന്‍ ഇന്നുതന്നെ നല്‍കാന്‍ കെഎസ്ഇബി തയ്യാറാണെന്നും ചെയര്‍മാന്റെ പ്രസ്താവനയില്‍ പറയുന്നു.
കെഎസ്ഇബി എംഡിയുടെ നിര്‍ദേശ പ്രകാരമാണ് തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടച്ചിരുന്നില്ല. രണ്ട് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകുന്നേരം അജ്മല്‍ ബില്ലടച്ചു.
തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു. ഇതറിഞ്ഞ അസിസ്റ്റന്റ് എന്‍ജീനിയര്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
ഇത് ചോദ്യം ചെയ്ത് ഇന്ന് രാവിലെ കെഎസ്ഇബി ഓഫിസിലെത്തിയ അജ്മലും ഒപ്പമുണ്ടായിരുന്ന ആളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും സാധനങ്ങള്‍ തര്‍ക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവുണ്ടായത്.
വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെയാണ് അജ്മലിന്റെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബില്ലടക്കാന്‍ ഒരു ദിവസം വൈകിയിരുന്നുവെന്നും എന്നാല്‍ കണക്ഷന്‍ വിച്ഛേദിച്ച ദിവസം വൈകുന്നേരത്തോടെ തന്നെ ബില്ലടച്ചിരുന്നുവെന്നും അജ്മലിന്റെ മാതാവ് പറഞ്ഞു. വൈദ്യുതി പുനസ്ഥാപിക്കാന്‍ വന്നയാള്‍ അസഭ്യം പറഞ്ഞെന്നും തന്നെ ഉന്തിമാറ്റിയെന്നും അവര്‍ പറഞ്ഞു.