തിരുവനന്തപുരം: വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡിസംബറില്‍ കേരളീയം നടത്താനാണ് ആലോചന.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണമെന്ന് നിര്‍ദേശം നല്‍കി. കേരളീയം തുടരുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 കോടിയാണ് നീക്കിവെച്ചത്.
കഴിഞ്ഞ വര്‍ഷം ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടന്നത്. കല, സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെയായിരുന്നു കേരളീയമെന്ന പേരില്‍ വിവിധ കലാ- സാസ്‌കാരിക പരിപാടികള്‍ തലസ്ഥാനത്ത് സംഘടിപ്പിച്ചത്.
ഇനി എല്ലാ വര്‍ഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം കേരളീയ സമാപന വേദിയില്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയിരുന്നത്.