തിരുവനന്തപുരം ജില്ലയില്‍ കോളറ പടരുന്നു; മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം ജില്ലയില്‍ കോളറ പടരുന്നു; മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പടരുന്ന കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി കഴുകി പാകം ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ രോഗം സ്ഥിരീകരിച്ച നെയ്യാറ്റിന്‍കര ഭാഗത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്. കോളറ സ്ഥിരീകരിച്ച് ഡിഎച്ച്എസിന് ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഹോസ്റ്റലിലെ എട്ടുപേര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ടെങ്കില്‍ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും.

കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. ഇക്കഴിഞ്ഞ ദിവസം ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ ബാധിച്ചാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. കോളറ ലക്ഷണങ്ങളോടെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലിലെ അന്തേവാസിയായ 26 കാരനായ അനു മരിച്ചത്.

അനുവിന് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. ഇതാണ് മരണ കാരണം കോളറ ആണോ എന്ന് സംശയത്തിന് ഇടയാക്കിയത്. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനോ അനുവിന്റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാനോ കഴിഞ്ഞിരുന്നില്ല. പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച പത്ത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. കാരുണ്യ ഹോസ്റ്റലിലെ ചികിത്സയിലുള്ളവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് മാസത്തിനിടെ ഒമ്പത് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2017 ലാണ് അവസാന കോളറ മരണം സ്ഥിരീകരിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.