ലിവിങ് ടുഗതര്‍ വിവാഹം അല്ല; പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ല: ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി

ലിവിങ് ടുഗതര്‍ വിവാഹം അല്ല; പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ല: ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി

കൊച്ചി: ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ലിവിങ് ടുഗതര്‍ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവെന്ന് പറയാനാകൂ. ലിവിങ് ടുഗതര്‍ ബന്ധങ്ങളില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി പറഞ്ഞു.

എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.

പരാതിക്കാരിയായ യുവതിയുമായി ലിവിങ് ടുഗതര്‍ ബന്ധത്തിലായിരുന്നു. ഈ ബന്ധം പിന്നീട് തകര്‍ന്നു. ഇതിനു പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് യുവാവ് ചൂണ്ടിക്കാട്ടി.

യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് ഗാര്‍ഹിക പീഡനക്കേസെടുത്തു. ഇത് നിയമപരമല്ലെന്നും യുവാവ് ഹര്‍ജിയില്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരണമെങ്കില്‍ നിയമ പരമായി വിവാഹം കഴിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.