അബുജ: നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ വിശ്വാസികൾ ദേവാലയത്തിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്.
ക്രൂരമായ ആക്രമണത്തെ ഇറിഗ്വെ ഡെവലപ്‌മെൻ്റ് അസോസിയേഷൻ (ഐ. ഡി. എ.) അപലപിച്ചു. ആക്രമണകാരികളെ എത്രയും പെട്ടന്ന് പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻ്റുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
നൈജീരിയയിൽ അടുത്ത നാളുകളായി ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ച് വരുകയാണ്. ഫുലാനി ഇടയന്മാരും ബൊക്കോ ഹറാം തീവ്രവാദികളും ആണ് പ്രധാനമായും ക്രൈസ്തവരെ ലക്ഷ്യം വച്ച് ആക്രമണങ്ങൾ നടത്തുന്നത്. നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ഇവരുടെ അജണ്ട. അതേ സമയം നൈജീരിയയിൽ വൈദകരെ തട്ടിക്കൊണ്ടു പോകുന്നതും നിത്യസംഭവമാണ്. ജൂൺ മാസത്തിൽ മാത്രം നൈജീരിയയിൽ നിന്ന് മൂന്ന് വൈദികരെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്.