വത്തിക്കാൻ സിറ്റി: പ്രശ്നങ്ങളെ അവസരമായി കണ്ടുകൊണ്ട് അവയെ ക്രിയാത്മകമായി നേരിടണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പാ. ഫോക്കൊളാരിപ്രസ്ഥാനത്തിന്റെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത നൂറ്റമ്പതോളം പേരെ ഇന്നലെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
സാമൂഹ്യവും സംഘടനാപരവുമായ പ്രശ്നങ്ങളെ എല്ലാ തലങ്ങളിലും നേരിടേണ്ടത് സർക്കാരിന്റെ കടമയാണെന്നും എന്നാൽ, ആത്മീയ പ്രശ്നങ്ങളെ വിവേകപൂർവ്വം എല്ലാതലങ്ങളിലും കൈകാര്യം ചെയ്യേണ്ടത് സർക്കാരുദ്യോഗസ്ഥരല്ലന്നും പാപ്പാ വിശദീകരിച്ചു. പ്രതിസന്ധികളില്ലാത്തൊരു ജീവിതമില്ലെന്നും അവ നമ്മുടെ സ്വാഭാവിക ജീവിതത്തിൽ അനുഗ്രഹമാണെന്നും ഒരു കുഞ്ഞിന്റെ വളർച്ചയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉദാഹരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.
ഫോക്കൊളാരി പ്രസ്ഥാനത്തിന്റെ ആദ്ധ്യാത്മികതയുടെ സവിശേഷത വിഭിന്നങ്ങളായ സാംസ്ക്കാരിക, സാമൂഹ്യ, മതപരമായ ചുറ്റുപാടുകളോടുള്ള തുറവും സംഭാഷണവുമാണെന്ന് പാപ്പാ അനുസ്മരിച്ചു. മറ്റുള്ളവർ ആരായിരുന്നാലും അവരോടുള്ള തുറവ് വളർത്തിയെടുക്കേണ്ടതാണ്. ഫോക്കൊളാരി പ്രസ്ഥാനത്തിന്റെ സ്ഥാനമൊഴിയുന്ന അദ്ധ്യക്ഷ മരിയ വോച്ചെയ്ക്കും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷ മാർഗരെറ്റ് കാരംമിനും ഫ്രാൻസീസ് മാർപ്പാപ്പ നന്ദി അറിയിച്ചു