'വെടിയൊച്ച കേട്ടപ്പോഴേ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി' വെടിയുണ്ട വലതു ചെവി തുളച്ചുകയറി'; ആദ്യ പ്രതികരണവുമായി ട്രംപ്

'വെടിയൊച്ച കേട്ടപ്പോഴേ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി' വെടിയുണ്ട വലതു ചെവി തുളച്ചുകയറി'; ആദ്യ പ്രതികരണവുമായി ട്രംപ്

വാഷിങ്ടണ്‍: പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വധശ്രമത്തില്‍ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ 'ട്രൂത്ത് സോഷ്യലി'ല്‍ കുറിച്ചു.

നിലവില്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് ട്രംപ്. ആരോഗ്യനില തൃപ്തികരമാണ്.

'വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് എനിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നാലെ എന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. വലിയരീതിയില്‍ രക്തസ്രാവമുണ്ടായി. അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായത്. വെടിവെപ്പ് നടന്നതിന് പിന്നാലെ ദ്രുതഗതിയില്‍ ഇടപെട്ട യുഎസ് സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ക്കും നിയമപാലകര്‍ക്കും നന്ദി അറിയിക്കുന്നു', ട്രംപ് കുറിച്ചു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില്‍ ഒരാളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ പങ്കെടുത്ത മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തി. അമേരിക്കയില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ഇത് ക്ഷമിക്കാന്‍ കഴിയില്ലെന്നും ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.