കുഞ്ഞുങ്ങൾ ഫോണിൽ തല താഴ്ത്തിയിരുന്നാൽ മാതാപിതാക്കൾ ശ്രദ്ധിക്കണേ; ഓൺലൈൻ ഗെയിമുകൾ ചിലപ്പോൾ കുട്ടികളുടെ ജീവനെടുത്തേക്കാം

കുഞ്ഞുങ്ങൾ ഫോണിൽ തല താഴ്ത്തിയിരുന്നാൽ മാതാപിതാക്കൾ ശ്രദ്ധിക്കണേ; ഓൺലൈൻ ഗെയിമുകൾ ചിലപ്പോൾ കുട്ടികളുടെ ജീവനെടുത്തേക്കാം

കൊച്ചി: ഓൺലൈൻ ഗെയിമുകളിലെ ചതിക്കുഴികളെക്കുറിച്ച് കേരളത്തിലെ പല ജനങ്ങളും ഇനിയും ബോധവാന്മാരല്ല. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന സാമൂഹിക വിപത്തായി ഗെയിമിങ്ങ് രീതികള്‍ മാറിക്കഴിഞ്ഞു. ഇതിന് ആരാണ് ഉത്തരവാദിയെന്ന് നാം സ്വയം വിലയിരുത്തണം.

ഓൺലൈൻ പഠന കാലത്തി വീടുകളിൽ തളച്ചിടപ്പെട്ട കുട്ടികൾ ഒരു കൗതുകത്തിനുവേണ്ടി തുടങ്ങിയ ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് വഴി തെളിയിക്കുന്നത്. ഒരു രസത്തിനു വേണ്ടി തുടങ്ങി പിന്നീട് ഗെയിമുകളോടുള്ള അമിതമായ ആസക്തി മൂലം ഇതിൽനിന്നും കരകയറാനാവാത്തവിധം അടിമപ്പെട്ടു പോവുന്ന അവസ്ഥയിലേയ്ക്ക് ചില കുട്ടികൾ എത്തിച്ചേരുന്നു. ഇത്തരം ഗെയിമിനെക്കുറിച്ച് രക്ഷാകർത്താക്കൾക്ക് വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തതുമാണ് മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണം. അവരുടേതായ വെർച്ച്വൽ ലോകത്ത് ഊണും ഉറക്കവുമില്ലാതെ കഴിച്ചു കൂട്ടുമ്പോൾ ഒരു മായാ പ്രപഞ്ചം സൃഷ്ടിക്കുകയാണവിടം.

കഴിഞ്ഞ ദിവസം കൊച്ചി ചെങ്ങമനാട് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത പത്താം ക്ലാസുകാരന്റെ മരണത്തിൽ മൊബൈൽ ​ഗെയിമുകൾക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. വിദ്യാർഥി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്തിലാണ് അഗ്നൽ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.കുട്ടിയുടെ മരണ കാരണം ഓണ്‍ലൈന്‍ കില്ലര്‍ ഗെയിമെന്ന് പിതാവ് പറഞ്ഞു. ഗെയിമിലെ ടാസ്കിന്‍റെ ഭാഗമാണ് ആത്മഹത്യയെന്ന് കരുതുന്നു. പലഭാഷകളില്‍ ആളുകളുമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും പിതാവ് കൂട്ടിച്ചേർത്തു.

മരണപ്പെട്ട ആ​ഗ്നലും കുടുംബവും

കപ്രശേരി വടക്കുഞ്ചേരി ജെയ്മിയുടെയും ജിനിയുടെയും മകനാണ് അഗ്നൽ. വെള്ളിയാഴ്ച വൈകീട്ടാണ് ആഗ്നലിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമ്പാശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരിക്കുകയാണ്. മഴക്കോട്ട് ധരിച്ച് മുഖം മറച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ദുരൂഹമായ രീതിയിലാണ് കണ്ടെത്തിയത് എന്നതോടെയാണ് വീഡിയോ ഗെയിമിന്റെ സ്വാധീനത്തിലേക്ക് അന്വേഷണം നീങ്ങിയത്. ഓൺലൈൻ ഗെയിമിൽ നിർദ്ദേശിച്ച ടാസ്കിന്റെ ഭാഗമായാണോ ആത്മഹത്യ എന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് സുലഭമായിരിക്കുന്ന മൊബൈല്‍ ഗെയിമുകള്‍ക്ക് കുട്ടികൾ അടിമയാകുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. എതിരാളിയോടേറ്റുമുട്ടുമ്പോള്‍ ലഭിക്കുന്ന മത്സരഭ്രാന്ത് തന്നെയാണ് അതില്‍ പ്രധാനം. ഒപ്പം ഓരോ ഘട്ടവും കഴിയുമ്പോള്‍ ലഭിക്കുന്ന സ്ഥാനക്കയറ്റം, സമ്മാനങ്ങള്‍, അംഗീകാരങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ പ്രോത്സാഹനമേകും. ചില കളികളില്‍നിന്ന് പണവും ലഭിക്കും. അതായത് കളികളൊരുക്കിയിരിക്കുന്നത് കളിക്കാരന് കൃത്യമായ ഇടവേളകളില്‍ സന്തോഷം നല്‍കുകയും മുമ്പോട്ട് പോകാന്‍ പ്രേരണ നല്‍കുകയും ചെയ്യും വിധമാണ്.

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടികള്‍ വിവിധതരം കളികളില്‍ ഏര്‍പ്പെടേണ്ടതുണ്ട്. മാനസികമായും ശാരീരികമായുമുള്ള വളര്‍ച്ചയ്ക്ക് അത് വേണ്ടത് തന്നെയാണ്. എന്നാല്‍ ഒരു കളിയില്‍ മാത്രം കുട്ടികള്‍ ഒതുങ്ങിപ്പോകരുതെന്ന് മാത്രം. മൊബൈല്‍ ഗെയിമുകള്‍ കളിക്കരുത് എന്ന് കുട്ടികളോട് പറയാനാകില്ല. എന്നാല്‍ ഇത്തരം ഗെയിമുകളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കൃത്യമായ അവബോധം വേണം.

ഭാവിയുടെ വാഗ്ദാനങ്ങളും പ്രതീക്ഷയുമാണ് കുട്ടികൾ. ഇത്തരം ഗെയിമുകൾക്ക് മക്കൾ അടിമപ്പെടാൻ സാഹചര്യം ഉണ്ടാവാതിക്കാൻ കരുതലും ശ്രദ്ധയും അതീവ ജാഗ്രതയും ശക്തമായ ബോധവൽക്കരണവും നിരന്തരം നടത്തേണ്ടിയിരിക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.