തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിനായി നാവികസേന എത്തുന്നു. പൊലീസും ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് ടീമും നടത്തിയ ഒന്നര ദിവസം പിന്നിട്ട തിരച്ചിലിലും ജോയിയെ കണ്ടെത്താന്‍ സാധിക്കാതെവന്ന സാഹചര്യത്തിലാണ് നാവികസേന എത്തുന്നത്.
അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അധിക്യതർക്ക് അയച്ച നോട്ടിസില്‍ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. കമ്മിഷൻ ഓഫിസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും.
ഇന്ന് രാവിലെ നടത്തിയ റോബോട്ടിക് മെഷീന്‍ ഇറക്കിയുള്ള പരിശോധനയില്‍ ശരീരഭാഗങ്ങള്‍ റോബോട്ടിക് കാമറയില്‍ പതിഞ്ഞെന്ന് സംശയിച്ചിരുന്നെങ്കിലും മുങ്ങല്‍ വിദഗ്ധര്‍ ഈ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. കാമറയില്‍ പതിഞ്ഞത് ചാക്കില്‍ കെട്ടിയ മാലിന്യക്കൂമ്പാരമാകാം എന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. മനുഷ്യ ശരീരമല്ല മാലിന്യമാണ് കാമറയില്‍ പതിഞ്ഞതെന്ന് സ്കൂബാ ഡൈവിങ് സംഘവും സ്ഥിരീകരിച്ചു. കാമറയില്‍ പതിഞ്ഞതിനും അപ്പുറം 15 മീറ്റര്‍വരെ ദൂരത്തില്‍ പോയി സംഘം പരിശോധന നടത്തിയിരുന്നു. ടണലിന്റെ എതിര്‍ദിശയില്‍നിന്ന് പരിശോധന നടത്താനൊരുങ്ങുകയാണ് സ്കൂബ സംഘം.