തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവും കപ്പലും കാണാന്‍ എത്തിയ യുവാവിനെ കടലില്‍ കാണാതായി. പുളിങ്കുടി ആഴിമല അജീഷ് ഭവനില്‍ അനില്‍ ബീന ദമ്പതികളുടെ മകന്‍ അജീഷ് (26) നെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ആറോടെ ആവണങ്ങപ്പാറയിലെ കടല്‍ തീരത്തായിരുന്നു സംഭവം.
അജീഷും ഭാര്യയും രണ്ടു മക്കളും കാഞ്ഞിരംകുളം സ്വദേശിയായ സുഹൃത്തും കുടുംബവും ഉള്‍പ്പെടെയാണ് കപ്പല്‍ കാണാനെത്തിയത്. കൂടെയുള്ളവരെ കരഭാഗത്തോട് ചേര്‍ന്നുള്ള പാറയില്‍ ഇരുത്തിയ ശേഷം അജീഷ് കടലിനോട് ചേര്‍ന്ന മറ്റൊരു പാറയില്‍ കയറി നില്‍ക്കുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് കടലില്‍ വീഴുകയായിരുന്നുവെന്ന് ഒപ്പമുള്ളവര്‍ പൊലീസിനു മൊഴി നല്‍കി.
അജീഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ വിഴിഞ്ഞം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പൊലീസും കോസ്റ്റല്‍ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു.