ഡൊണാള്‍ഡ് ട്രംപിനു നേരെ നടന്ന കൊലപാതക ശ്രമത്തെ അപലപിച്ച് വത്തിക്കാന്‍

ഡൊണാള്‍ഡ് ട്രംപിനു നേരെ നടന്ന കൊലപാതക ശ്രമത്തെ അപലപിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ നടന്ന കൊലപാതക ശ്രമത്തെ അപലപിച്ച് വത്തിക്കാന്‍. ജൂലൈ 14-ന് വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണിയാണ് ഇതുസംബന്ധിച്ച പ്രതികരണം പ്രസ്താവനയിലൂടെ അറിയിച്ചത്.

'കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ പരിശുദ്ധ സിംഹാസനം ആശങ്ക പ്രകടിപ്പിച്ചു. ഇത് ജനങ്ങളെയും ജനാധിപത്യത്തെയും മുറിവേല്‍പ്പിക്കുന്ന പ്രവര്‍ത്തിയാണ്'- വത്തിക്കാന്‍ അറിയിച്ചു. അമേരിക്കയ്ക്കും ഇരകള്‍ക്കും വേണ്ടിയുള്ള യുഎസ് ബിഷപ്പുമാരുടെ പ്രാര്‍ത്ഥനയില്‍ ചേരുകയാണെന്നും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം പെന്‍സില്‍വാനിയയിലെ ബട്ലറില്‍ പ്രചാരണയോഗത്തില്‍ പ്രസംഗിക്കവേയാണ് ട്രംപിന് വെടിയേറ്റത്. ചെവിക്കാണ് വെടിയേറ്റത്. വെടിവയ്പ്പില്‍ പ്രചാരണപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വധശ്രമത്തിനു ശേഷം ലോകമെമ്പാടുമുള്ള രാഷ്ട്രീയനേതാക്കള്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെയും ജനാധിപത്യത്തെ പിന്തുണച്ചും സംസാരിച്ചു.

പെന്‍സില്‍വാനിയയിലെ ബെഥേല്‍ പാര്‍ക്കില്‍നിന്നുള്ള 20-കാരനായ തോമസ് മാത്യു ക്രൂക്ക്‌സ് ആണ് ട്രംപിനു നേരെ വെടിയുതിര്‍ത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.