മസ്‌കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ വാദി അല്‍ കബീര്‍ മേഖലയില്‍ മുസ്ലിം പള്ളിക്ക് സമീപമുണ്ടായ വെടി വെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 700 ലധികം പേര്‍ മോസ്‌കിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അസോള്‍ട്ട് റൈഫിള്‍ ഉപയോഗിച്ചാണ് അക്രമി വെടിയുതിര്‍ത്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ നിരവധി തവണ വെടിയൊച്ച കേള്‍ക്കാം. ആക്രമണത്തെ തുടര്‍ന്ന് പോലീസ് സൈറണ്‍ മുഴങ്ങിയതോടെ ഫജ്ര്‍ പ്രാര്‍ഥനയ്ക്ക് എത്തിയ വിശ്വാസകള്‍ ചിതറിയോടുകയായിരുന്നു.
സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പോലീസ് എക്‌സിലൂടെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനിലെ അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പൗരന്മാര്‍ മേഖലയില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് എംബസിയുടെ നിര്‍ദേശം.