പെരുമഴയില്‍ മരണം ആറായി: സംസ്ഥാനത്ത് വ്യാപക നാശ നഷ്ടം; കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

പെരുമഴയില്‍ മരണം ആറായി: സംസ്ഥാനത്ത് വ്യാപക നാശ നഷ്ടം; കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കൊച്ചി: ശക്തമായി പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് ഇന്ന് മരണം ആറായി. പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് ദിവസമായി തുടരുന്ന മഴയില്‍ കണ്ണൂരില്‍ പെയിന്റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍ (63) വെള്ളക്കെട്ടില്‍ വീണു മരിച്ചു. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് ചന്ദ്രശേഖരന്റെ മൃതദേഹം രാവിലെ കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ വെള്ളക്കെട്ടില്‍ വീണതാണെന്നാണ് കരുതുന്നത്. നേരത്തെ കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചിരുന്നു. മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിനയാണ് മരിച്ചത്.

പാലക്കാട് കോട്ടേക്കാട് പെയ്ത കനത്ത മഴയില്‍ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്.

അതിനിടെ തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി ആണ് മരിച്ചത്. വയനാട് പുല്‍പ്പള്ളിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധന്‍ ആണ് മരിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.