കാലവർഷക്കെടുതിയിൽ മരണം ഏഴായി; എട്ട് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി

കാലവർഷക്കെടുതിയിൽ മരണം ഏഴായി; എട്ട് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഏഴ് പേര്‍ ഇന്ന് മാത്രം മഴക്കെടുതിയിൽ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. പരപ്പാറ സ്വദേശിനിയായ മോളിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. വാഹനം ഒതുക്കി നിർത്തിയതിന് ശേഷം സാധനം വാങ്ങാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം. കാര്‍ വെട്ടിപൊളിച്ചാണ് മോളിയെ പുറത്തിറക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല.

പാലക്കാട് വീട് ഇടിഞ്ഞുവീണ് കിടപ്പ് രോഗിയായ അമ്മയും മകനും മരിച്ചു. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് പേര്‍ മരിച്ചു. തിരുവല്ലയിലും വയനാട്ടിലും ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. കനത്ത മഴയിലും കാറ്റിലും മരം വീണും മറ്റും നിരവധി വീടുകളാണ് തകര്‍ന്നത്. മലപ്പുറത്ത് മാത്രം 35 വീടുകൾക്ക് നാശമുണ്ടായി. ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലംഗ സംഘത്തെ അതിസാഹസികമായി ഫയര്‍ ഫോഴ്സ് രക്ഷിച്ചു.

അതിനിടെ നാളെയും കനത്ത മഴ പെയ്യുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ കോളജുകൾക്ക് അവധി ബാധകമല്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.