ആലപ്പുഴ: ശക്തമായ മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും കൂടിയതോടെ അപ്പര്‍ കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷം. പമ്പ, മണിമലയാറുകള്‍ കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. പ്രധാന നദികളിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നിട്ടുണ്ട്. കുട്ടനാട്ടിലെ പ്രധാന പാതകള്‍ ഉള്‍പ്പെടെ ഇടറോഡുകളും വെള്ളത്തില്‍ മുങ്ങി.
അപ്പര്‍ കുട്ടനാട്ടിലെ നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാര്‍, തലവടി, എടത്വാ, വീയപുരം പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. തായങ്കരി - കൊടുപ്പുന്ന റോഡില്‍ വേഴപ്ര കുരിശടിക്ക് സമീപത്തും പടപ്പില്‍ മുട്ട് ഭാഗത്തും നീരേറ്റുപുറം-കിടങ്ങാ റോഡില്‍ മുട്ടാര്‍ ജംങ്ഷന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. അതിനാല്‍ തായങ്കരി-കൊടുപ്പുന്ന റോഡ് വഴിയുള്ള ബസ് സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചിരിക്കുകയാണ്.
എടത്വാ-ആലംതുരുത്തി റോഡില്‍ ആനപ്രമ്പാല്‍ പുതുപ്പറമ്പ് ക്ഷേത്രത്തിന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. തലവടി കോടമ്പനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്. നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.