തിരുവനന്തപുരം: സംസ്ഥാനത്ത് തോരാമഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്.
കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പെയ്യുന്ന തോരാമഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ കേരളത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിഷക് മണ്ഡിക (21)യാണ് മരിച്ചത്. എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറില്‍ കാട്ടാന ഒഴുകിപ്പോയി. പൂയംകുട്ടിയില്‍ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്.
ശക്തമായ മഴയെത്തുടര്‍ന്ന് മലപ്പുറം തിരുരങ്ങാടിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ബന്ധു വീടുകളിലേക്ക് താമസം മാറി. നൂറോളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കണ്ണൂര്‍ മട്ടന്നൂര്‍ കൊട്ടാരം പെരിയാത്ത് റോഡ് വെള്ളം കയറി. കാര്‍ വെള്ളക്കെട്ടില്‍ മുങ്ങി. കര്‍ണാടക സ്വദേശികളുടെ കാറാണ് മുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി.
ശക്തമായ മഴയില്‍ കോഴിക്കോട് കല്ലാച്ചിയില്‍ വീട് തകര്‍ന്നു. കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ അര്‍ധരാത്രി നിലംപതിച്ചത്. വീട് തകരുന്ന ശബ്ദം കേട്ട് ആളുകള്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി.
കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ വിദ്യാര്‍ഥികളുടെ മുന്നിലേക്ക് മതിലിടിഞ്ഞു വീണു. കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. റോഡില്‍ വാഹനങ്ങള്‍ വരാതിരുന്നതും അപകടം ഒഴിവാക്കി.
മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
കൂരാച്ചുണ്ട് കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററില്‍ എത്തി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ തുടര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.