കൊച്ചി: കണ്ണൂരില്‍ ഇറക്കേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം നെടുമ്പാശേരിയില്‍ ഇറക്കി. കുവൈറ്റ്-കണ്ണൂര്‍ വിമാനമാണിത്. എന്നാല്‍ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. കാലാവസ്ഥ അനുകൂലമായാല്‍ വിമാനം കണ്ണൂര്‍ക്ക് തിരിക്കും.
അതിനിടെ കൊച്ചി മെട്രോ ട്രാക്കിലേക്ക് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞു വീണു. കനത്ത മഴയില്‍ കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. ഇതോടെ ഈ റൂട്ടില്‍ 15 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് മുടങ്ങി. ഫളക്‌സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു.
പിന്നാലെ എറണാകുളം സൗത്ത് കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടാര്‍പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ഇന്ന് നഗരത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ട്.