മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും; നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ കര്‍ശന നടപടി

മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും; നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു.

ആമയിഴഞ്ചാന്‍ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകള്‍ ഉപയോഗപ്പെടുത്തും.

ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ സബ് കളക്ടറെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സ്പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തും. മേജര്‍ ഇറിഗേഷന്‍, കോര്‍പ്പറേഷന്‍, റെയില്‍വേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ കര്‍ശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.

സാംക്രമിക രോഗങ്ങള്‍ തടയാന്‍ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണം റെയില്‍വേ ഉറപ്പു വരുത്തണം. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റര്‍ നീളമുള്ള ടണല്‍ ശുചീകരിക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേയോട് നിര്‍ദേശിച്ചു.

ട്രയിനുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ എഞ്ചിനീയറിങ് വിഭാഗം ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണം.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം -റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിനുണ്ടായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.