ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 22 ന് മുന്‍പ് അദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. നിലവില്‍ യുവജനക്ഷേമം, കായിക വകുപ്പുകളുടെ മന്ത്രിയാണ് ഉദയനിധി.
കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എം.കെ സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു. സ്റ്റാലിന്റെ വഴിയില്‍ തന്നെ ഉദയനിധിക്കും അവസരമൊരുങ്ങുകയാണ്. സര്‍ക്കാരില്‍ ആധിപത്യം ഉറപ്പിക്കാനും ഭരണത്തില്‍ സ്റ്റാലിനെ സഹായിക്കാനുമാണ് സ്ഥാനക്കയറ്റമെന്നാണ് റിപ്പോര്‍ട്ട്. 2026 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രധാന മുഖമായി ഉദനയനിധിയെ മാറ്റാനും പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.
നേരത്തെ തന്നെ ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്റ്റാലിന്‍ അന്ന് റിപ്പോര്‍ട്ടുകള്‍ തള്ളി. സ്റ്റാലിന്‍ ഓഗസ്റ്റ് 22 ന് അമേരിക്കയിലേക്ക് പോകും. അതിനു മുന്‍പായി തന്നെ ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്നാണ് വിവരം.