'പഴയ കാര്യങ്ങളെല്ലാം കഴിഞ്ഞു; ഇനി മുന്നോട്ട്': കെടിയു വിസിയായി സിസാ തോമസ് ചുമതലയേറ്റു

'പഴയ കാര്യങ്ങളെല്ലാം കഴിഞ്ഞു; ഇനി മുന്നോട്ട്': കെടിയു വിസിയായി സിസാ തോമസ് ചുമതലയേറ്റു

തിരുവന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വിസിയായി സിസാ തോമസ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് സിസാ തോമസ് സര്‍വകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റത്. വിസിയായി തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും പഴയ കാര്യങ്ങളൊന്നും നിലവില്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്നും സിസാ തോമസ് പ്രതികരിച്ചു.

പഴയ കാര്യങ്ങളെല്ലാം കഴിഞ്ഞു. ഇനി മുന്നോട്ട് പോയാല്‍ മതി. അപാകതകള്‍ എല്ലാം പരിഹരിച്ച് മുന്നോട്ടു പോവും. തന്റെ ഉത്തരവാദിത്തം കൂടുന്നു. സര്‍ക്കാരുമായി സഹകരിച്ച് പോവും. സിസ തോമസ് എന്ന വ്യക്തിയല്ല കെടിയു എന്ന സ്ഥാപനമാണ് വലുതെന്നും സിസാ തോമസ് പറഞ്ഞു.

ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദിയുണ്ട്. മിനിട്ട്സ് ഒന്നും താന്‍ എടുത്തു കൊണ്ടുപോയിട്ടില്ല. പിന്നെ എന്തിനാണ് മോഷ്ടാവായി ചിത്രീകരിക്കുന്നത്. തനിക്ക് കൃത്യമായ ലക്ഷ്യ ബോധമുണ്ട്. അത് മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. ചില കുടിശിക സര്‍ക്കാര്‍ പിടിച്ചു വെച്ചിട്ടുണ്ട്. പെന്‍ഷന്‍ ഏഴ് മാസം കഴിഞ്ഞാണ് ലഭിച്ചതെന്നും സിസാ തോമസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ കാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്തിയത്. വിസിമാരെ നിയമിക്കുന്നതില്‍ സര്‍ക്കാരും ഗവര്‍ണറും സമവായത്തില്‍ എത്താത്തതിനാല്‍ സുപ്രീം കോടതി നേരിട്ട് നിയമന നടപടികളിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു ഇത്.

തുടര്‍ന്ന് സമവായക്കാര്യം സുപ്രീം കോടതിയെ അറിയിച്ച ശേഷമാണ് സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാല വിസിയായും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും നിയമിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയത്.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ദീര്‍ഘനാളായി നിലനിന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവിലാണ് സമവായമുണ്ടായത്. സര്‍ക്കാരിന് അനഭിമതയായ സിസയെ വിസിയാക്കാന്‍ പാടില്ലെന്ന കര്‍ക്കശ നിലപാടില്‍ നിന്ന് മുഖ്യമന്ത്രി അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു.

ഡിജിറ്റല്‍ സര്‍വകലാശാലയിലെ ക്രമക്കേടുകളെക്കുറിച്ച് എജിയുടെ അന്വേഷണം നടക്കുന്നതിന്റെ വെളിച്ചത്തില്‍ സജി ഗോപിനാഥിനെ വീണ്ടും വിസിയാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍നിന്ന് ഗവര്‍ണറും അയഞ്ഞു. അതോടെ പ്രശ്‌ന പരിഹാരത്തിന് വഴി തെളിഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.