ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ്: ആവേശത്തിന്റെ തിരിതെളിഞ്ഞു

ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ്: ആവേശത്തിന്റെ തിരിതെളിഞ്ഞു

ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപത, 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ രജതജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയില്‍ നടക്കുന്ന സീറോ മലബാര്‍ കണ്‍വെന്‍ഷന്റെ കിക്കോഫ് ന്യൂയോര്‍ക്കിലെ റോക്ക്ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ പള്ളിയില്‍ നടന്നു.

ഡിസംബര്‍ 14 ന് നടന്ന ചടങ്ങുകള്‍ക്ക് ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ മേലേപ്പുറം നേതൃത്വം നല്‍കി. ഇടവക വികാരി ഫാ. സ്റ്റീഫന്‍ കണിപ്പള്ളിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍, കണ്‍വീനര്‍ ഫാ. ജോണ്‍ മേലേപ്പുറത്തെയും ജൂബിലി ചെയര്‍മാന്‍ ജോസ് ചാമക്കാലയെയും ഹൃദ്യമായി സ്വീകരിച്ചു. സന്തോഷ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജോസഫ് പള്ളിപുറത്തുകുന്നേല്‍, ജോയ് തറത്തട്ടേല്‍, ജെസി ജോസഫ്, തോമസ് പാലാച്ചേരി, ഷൈന്‍ റോയ് എന്നിവര്‍ കിക്കോഫിന് നേതൃത്വം നല്‍കി.

വിശ്വാസവും, അറിവും, സൗഹൃദങ്ങളും പങ്കുവെക്കുവാനുള്ള അനുഗ്രഹീതമായ വേദിയാണ് കണ്‍വെന്‍ഷനെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും ഫാ. ജോണ്‍ തന്റെ സന്ദേശത്തില്‍ വിശദീകരിച്ചു. രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഈ വേളയില്‍ ആഘോഷിക്കുന്നുണ്ട്.

2026 ജൂലൈ ഒന്‍പത് മുതല്‍ 12 വരെ ചിക്കാഗോ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോര്‍മിക് പ്ലേസും അതോടൊപ്പമുള്ള മൂന്ന് ഹോട്ടലുകളുമാണ് കണ്‍വെന്‍ഷന്റെ വേദിയാകുന്നത്. ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവ കൂടാതെ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലെ അവതരണങ്ങള്‍, സംഘടനാ കൂട്ടായ്മകള്‍, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.

യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ട്രാക്കുകളിലായിട്ടാണ് പരിപാടികള്‍ ഒരുക്കുന്നത്. കണ്‍വെന്‍ഷന്‍ ടീം രൂപതയിലെ ഇടവകകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി രജിസ്‌ട്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ്, മറ്റ് പരിപാടികള്‍ എന്നിവയുടെ വിശദമായ രൂപരേഖകള്‍ അവതരിപ്പിച്ചു വരുന്നു. നേരിട്ടുള്ള ഈ ആശയവിനിമയം വളരെ സ്വാഗതാര്‍ഹമാണെന്ന് ഇടവക വികാരിമാരും കണ്‍വെന്‍ഷന്‍ പ്രതിനിധികളും അഭിപ്രായപ്പെട്ടു.

ജോസ് ചാമക്കാല രജിസ്‌ട്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ്, കണ്‍വെന്‍ഷന്‍ പരിപാടികള്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയ സാംസ്‌കാരിക സംഗമത്തില്‍ പങ്കാളികളാവാന്‍ കണ്‍വെന്‍ഷന്‍ ടീം ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

റോക്ക്ലാന്‍ഡ് പള്ളിയിലെ വികാരിയുടെയും ഇടവകാംഗങ്ങളുടെയും ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കണ്‍വെന്‍ഷന്‍ ടീം പ്രത്യേകം നന്ദി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.syroconvention.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.