സിഡ്‌നി : സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരുടെ ഹനൂക്കോ ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒപി അഗാധമായ ദുഖം രേഖപ്പെടുത്തി. മനുഷ്യ ജീവനോടുള്ള ധിക്കാരപരമായ അവഗണനയും യഹൂദരോടുള്ള ചിലരുടെ വെറുപ്പും ഓരോ ഓസ്‌ട്രേലിയക്കാരനും തള്ളിക്കളയേണ്ട തിന്മയാണെന്ന് ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി സിഡ്‌നിയിൽ യഹൂദ വിരുദ്ധതയുടെ അന്തരീക്ഷം വളർന്നു വരുന്നുണ്ടെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. സിഡ്‌നി അതിരൂപതയിലെ കത്തീഡ്രലിന് എതിർ വശത്ത് പോലും പ്രകോപനപരമായ സന്ദേശങ്ങൾ പതിവായി പ്രകടിപ്പിക്കുന്ന ആഴ്ച തോറുമുള്ള പ്രകടനങ്ങൾ നടക്കുന്നുണ്ടെന്നും അദേഹം സൂചിപ്പിച്ചു. "ക്രിസ്ത്യാനികൾ ദൈവത്തിന്റെ മക്കളാണ്. യഹൂദർക്കെതിരായ ആക്രമണം നമുക്കെല്ലാവർക്കും എതിരായ ആക്രമണമാണ്," ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെല്ലോയും ഈ 'യഹൂദ വിരുദ്ധതയുടെ വിപത്തിനെ' ശക്തമായി അപലപിച്ചു. ഈ അക്രമം ഓസ്‌ട്രേലിയൻ ജനതയെ മുഴുവൻ ഉലച്ചു എന്നും അന്ധമായ മുൻവിധിയും വിദ്വേഷവും യഹൂദർക്ക് മാത്രമല്ല, എല്ലാവർക്കും ഭീഷണിയാണെന്നും ആർച്ച് ബിഷപ്പ് തിമോത്തി മുന്നറിയിപ്പ് നൽകി.