സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവെപ്പ്: 10 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; അക്രമികള്‍ അറസ്റ്റില്‍

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവെപ്പ്:  10 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; അക്രമികള്‍ അറസ്റ്റില്‍

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം വൈകുന്നേരം ഏഴോടെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലാണ് വെടിവെപ്പുണ്ടായത്.

വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് അറിയുന്നത്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബോണ്ടി ബീച്ചിലേക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പോകരുതെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊലീസും എമര്‍ജന്‍സി റെസ്പോണ്ടന്റും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഏകദേശം 50 റൗണ്ട് വെടിവെപ്പുണ്ടായതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. കറുത്ത വസ്ത്രം ധരിച്ച രണ്ട് പേരാണ് വെടിവെച്ചത്.

ആളുകള്‍ നിലവിളിക്കുകയും ചിതറിയോടുകയും ചെയ്‌തെങ്കിലും ഇരുവരും തുടരേ വെടിവെച്ചുകൊണ്ടിരുന്നു. ബോണ്ടിയിലെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് വ്യക്തമാക്കി.

എട്ട് ദിവസത്തെ യഹൂദ ഉത്സവമായ ഹാനക്കയുടെ ആദ്യ രാത്രിയിലാണ് വെടിവയ്പ് നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് കടല്‍ത്തീരത്ത് നൂറുകണക്കിന് ആളുകല്‍ ഒത്തുകൂടിയ സമയമായിരുന്നു ഇത്. സംഭവത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോയില്‍ വെടിയൊച്ചകളും പൊലീസ് സൈറണുകളും കേള്‍ക്കാം. ബീച്ചിലെത്തിയവര്‍ പ്രദേശം വിട്ട് ഓടണമെന്ന് നിര്‍ദേശിക്കുന്നതും കാണാം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സിഡ്നിയിലെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ബോണ്ടി ബീച്ച് 3,000 അടിയിലധികം നീളമുള്ളതും ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളില്‍ ഒന്നുമാണ്. സ്വദേശികളും വിദേശികളുമായി പ്രതിദിനം നിരവധി സന്ദര്‍ശകരാണ് ബീച്ചിലെത്തുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.