'ഒന്നിച്ചു നിൽക്കൂ, അക്രമങ്ങളിൽ നിന്ന് മുഖം തിരിക്കൂ'; ബോണ്ടി ബീച്ച് കൂട്ടക്കൊലയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയൻ ജനതയോട് ആർച്ച് ബിഷപ്പ് കോസ്റ്റെല്ലോയുടെ ആഹ്വാനം

'ഒന്നിച്ചു നിൽക്കൂ, അക്രമങ്ങളിൽ നിന്ന് മുഖം തിരിക്കൂ'; ബോണ്ടി ബീച്ച് കൂട്ടക്കൊലയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയൻ ജനതയോട് ആർച്ച് ബിഷപ്പ് കോസ്റ്റെല്ലോയുടെ ആഹ്വാനം

സിഡ്‌നി: ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയക്കാർ ഒറ്റക്കെട്ടായി അക്രമങ്ങൾക്ക് നേരെ മുഖം തിരിഞ്ഞു നിൽക്കണം എന്ന് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെല്ലോ. ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡൻ്റ് കൂടിയായ ആർച്ച് ബിഷപ്പ് ഈ സംഭവത്തെ 'അളവില്ലാത്ത ദുരന്തം' എന്നാണ് വിശേഷിപ്പിച്ചത്.

"ഞായറാഴ്ച വൈകുന്നേരം ബോണ്ടിയിൽ നടന്ന അക്രമ സംഭവങ്ങൾ ഓസ്‌ട്രേലിയൻ ജനതയെ ആകെ ഉലച്ചിട്ടുണ്ട്. പതിനഞ്ചോളം നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടത് അളവില്ലാത്ത ദുരന്തമാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു'- ആർച്ച് ബിഷപ്പ് പറഞ്ഞു.

തോക്കുധാരികളുടെ 'വികലമായ ലക്ഷ്യങ്ങൾ' ജൂതവിരുദ്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കിയ ആർച്ച് ബിഷപ്പ് ഈ വിനാശകരമായ അക്രമത്തെ ന്യായീകരിക്കാൻ ഒന്നിനും കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

"സഹിഷ്ണുതയുടെയും ആതിഥ്യ മര്യാദയുടെയും പേരിൽ അഭിമാനിക്കുന്ന ഒരു രാജ്യത്ത് നിലനിൽക്കുന്ന ഈ അന്ധമായ വിദ്വേഷം ജൂത സഹോദരങ്ങൾക്ക് മാത്രമല്ല മുഴുവൻ ഓസ്‌ട്രേലിയൻ സമൂഹത്തിനും ഭീഷണിയാണ്. കഴിഞ്ഞ ദിവസം നടന്ന ആക്രമണം എല്ലാത്തരം അക്രമങ്ങളിൽ നിന്നും അന്ധമായ വിദ്വേഷത്തിൽ നിന്നും മുഖം തിരിഞ്ഞുനിൽക്കാനുള്ള ദൃഢനിശ്ചയത്തിൻ്റെ ഉറവിടമായി മാറണം." ആർച്ച് ബിഷപ്പ് പറഞ്ഞു.

ആക്രമണത്തിനിടെ ധീരമായ പ്രവൃത്തികൾ ചെയ്ത സാധാരണക്കാരെയും അടിയന്തര സേവന പ്രവർത്തകരെയും ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു. തോക്കുധാരികളിലൊരാളെ കീഴടക്കി നിരായുധനാക്കിയ അഹമ്മദ് അൽ അഹമ്മദിൻ്റെ ധീരത ഓസ്‌ട്രേലിയൻ സ്വഭാവത്തിൻ്റെ ഏറ്റവും മികച്ച ഓർമ്മപ്പെടുത്തലാണ്. ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും വിദ്വേഷം ഉപേക്ഷിച്ച് സമാധാന സ്ഥാപകരാകണമെന്നും അദേഹം ഓസ്‌ട്രേലിയൻ ജനതയോട് അഭ്യർത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.