ഡമാസ്‌കസ് : സിറിയയിലെ പൽമൈറയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടു. ഐസിസ് ബന്ധമുള്ള തോക്കുധാരി നടത്തിയ ആക്രമണമാണിതെന്ന് യുഎസ് പ്രതിരോധ വിഭാഗം അറിയിച്ചു. സംഭവത്തിൽ മൂന്ന് യുഎസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. ആക്രമണത്തിന് അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അദേഹം മുന്നറിയിപ്പ് നൽകി. "സിറിയയിൽ കൊല്ലപ്പെട്ട മൂന്ന് മഹത്തായ അമേരിക്കൻ രാജ്യസ്നേഹികളെ ഓർത്ത് ഞങ്ങൾ ദുഖിക്കുന്നു. പരിക്കേറ്റ മൂന്ന് സൈനികർ സുഖം പ്രാപിക്കാനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. യുഎസിനും സിറിയക്കും എതിരായ ഐസിസ് ആക്രമണമാണിത്. കനത്ത തിരിച്ചടി ഉണ്ടാകും," ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആക്രമണം നടത്തിയത് സിറിയൻ സുരക്ഷാ സേനയിലെ മുൻ അംഗമായിരുന്ന ഒരാളാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിൻ്റെ പേരിൽ നേരത്തെ അന്വേഷണം നേരിടുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.