നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ നടപടികള്‍ തുടങ്ങി

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ നടപടികള്‍ തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ നടപടികള്‍ തുടങ്ങി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ഉള്‍പ്പെടെ ചോദ്യം ചെയ്യും. കേസിലെ അപ്പീല്‍ സാധ്യതകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തയറാക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന് ഇന്ന് റിപ്പോര്‍ട്ട് കൈമാറും.

വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീല്‍ തയാറാക്കുന്ന നടപടികളും തുടങ്ങി. ഈയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്ന ഊമ കത്തിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈ കത്ത് കിട്ടിയതില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ അഭിഭാഷക അസോസിയേഷനുള്ളില്‍ തന്നെ ഭിന്നാഭിപ്രായവും ഉയര്‍ന്നിരുന്നു.

കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിന് കാണിച്ചു എന്നുമെല്ലാമായിരുന്നു ആരോപണം. ദീലിപിന്റെ ക്വട്ടേഷനെന്ന വാദം സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് ഒരു ഘട്ടത്തിലും കഴിഞ്ഞില്ലെന്നാണ് വിധി ന്യായത്തില്‍ ചൂണ്ടാക്കാട്ടുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആദ്യ ഘട്ട കുറ്റപത്രത്തിലുള്ളത്.

ആറ് പ്രതികളും ഇയൊരൊറ്റ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. തുടരന്വേഷണം വേണമെന്ന് ആദ്യഘട്ട കുറ്റപത്രത്തില്‍ ശുപാര്‍ശയുണ്ടെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനെന്നാണ് വിശദീകരണം. മാത്രമല്ല പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും കൃത്യത്തിനും അപ്പുറത്ത് മറ്റൊരു ഗൂഢാലോചനയുണ്ട് എന്നതിന്റെ സൂചനകളൊന്നും ആദ്യഘട്ട റിപ്പോര്‍ട്ടില്‍ ഇല്ല. അതിനുശേഷമാണ് ഗൂഢാലോചനാവാദം നിരത്തി ദിലീപിലേക്ക് അന്വേഷണം എത്തുന്നത്.

ജയിലില്‍ക്കിടന്ന് പള്‍സര്‍ സുനി അയച്ച കത്തിനെ ആസ്പദമാക്കി മാത്രമാണോ ദിലീപിലേക്ക് അന്വേഷണം എത്തിയതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിക്കുന്നുണ്ട്.

ദിലീപിന് തന്നോട് വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് ആക്രമികക്കപ്പെട്ട നടി മൊഴി നല്‍കിയത്. എന്നാല്‍ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷവും നടിയ്ക്ക് ദിലീപിനെക്കുറിച്ച് സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല. ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. ദിലീപിനെ ഭയപ്പെട്ടിരുന്നതുകൊണ്ടാണ് നടി ഇക്കാര്യം പറയാതിരുന്നതെന്ന പ്രോസിക്യൂഷന്‍ വാദത്തിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.

ഉന്നത ഐപി എസ് ഉദ്യോഗസ്ഥര്‍ അടക്കം അന്വേഷണത്തിന്റെ ഭാഗമാണെന്നിരിക്കെ ഇക്കാര്യം അറിയിക്കാനുളള അവസരം നടിയ്ക്കുണ്ടായിരുന്നു. ഇത്തരത്തിലുള്ള വിവിധ വശങ്ങള്‍ പരിഗണിക്കുമ്പോള്‍ ഗൂഢാലോചനാ വാദം ഉയര്‍ത്തി ദിലീപിലേക്കത്താന്‍ പൊലീസ് ആശ്രയിച്ച തെളിവുകളും സാക്ഷി മൊഴികളും നിലനില്‍ക്കില്ല എന്ന് തന്നെയാണ് വിചാരണക്കോടതിയുടെ കണ്ടെത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.