മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവ ഭക്തിയുടെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ മെക്സിക്കോയിലെ ഗ്വാഡലൂപ്പയിൽ മരിയൻ തിരുനാളിനോട് അനുബന്ധിച്ച് റെക്കോർഡ് തീർത്ഥാടക പ്രവാഹം. ഡിസംബർ 11നും 12നും ഇടയിലുള്ള രണ്ടു ദിവസത്തിനുള്ളിൽ ഏകദേശം 12.8 ദശലക്ഷം വിശ്വാസികളാണ് ദേവാലയം സന്ദർശിച്ചത്.
2024-ലെ തീർത്ഥാടകരുടെ എണ്ണത്തെ മറികടന്നാണ് ഇത്തവണ റെക്കോർഡ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം തിരുനാളിനോട് അനുബന്ധിച്ച് ഏകദേശം ഒന്നരക്കോടി വിശ്വാസികളാണ് എത്തിയിരുന്നത്. മെക്സിക്കോ നഗരത്തിൻ്റെ വടക്കേ അറ്റത്തുള്ള ടെപിയാക് കുന്നിലെ ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പ ബസിലിക്കയിൽ ദൈവമാതാവിൻ്റെ പ്രത്യക്ഷീകരണത്തിൻ്റെ വാർഷികം ആഘോഷിക്കാനായാണ് ദശലക്ഷക്കണക്കിന് തീർത്ഥാടകർ ഒത്തുചേർന്നത്.
ഇത്രയും വലിയ ജനസഞ്ചയത്തെ നിയന്ത്രിക്കുന്നതിനായി മെഡിക്കൽ സംഘങ്ങൾ, പൊതു ക്രമസമാധാന പരിപാലനത്തിനായി പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വിപുലമായ സജ്ജീകരണങ്ങളാണ് തീർത്ഥാടന കേന്ദ്രത്തിന് ചുറ്റും ക്രമീകരിച്ചിരുന്നത്.
1531ൽ മെക്സിക്കൻ കർഷകനായ ജുവാൻ ഡീഗോയ്ക്ക് ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടിയത്. തനിക്ക് ലഭിച്ച ദർശനം ബിഷപ്പിന് മുന്നിൽ സ്ഥിരീകരിക്കാനായി പരിശുദ്ധ അമ്മ നൽകിയ പുഷ്പവുമായി ജുവാൻ എത്തിയപ്പോൾ പൂക്കൾ സൂക്ഷിച്ചിരുന്ന അദേഹത്തിൻ്റെ മേലങ്കിയിൽ അത്ഭുതകരമായി പരിശുദ്ധ അമ്മയുടെ ചിത്രം ആലേഖനം ചെയ്യപ്പെട്ടു. ഈ ചിത്രമാണ് 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്' എന്ന പേരിൽ പ്രസിദ്ധമായത്.
ഈ അത്ഭുത ചിത്രത്തിൽ ശാസ്ത്രജ്ഞർക്ക് പോലും വിശദീകരിക്കാനാവാത്ത നിരവധി പ്രത്യേകതകൾ പിന്നീടുള്ള നൂറ്റാണ്ടുകളിൽ കണ്ടെത്തിയിട്ടുണ്ട്. 'മെക്സിക്കോയുടെ റാണി', 'ലാറ്റിനമേരിക്കയുടെ രാജ്ഞി', 'ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷക' എന്നീ വിശേഷണങ്ങളിലൂടെയും ഗ്വാഡലൂപ്പ മാതാവ് അറിയപ്പെടുന്നു.