മാറ്റിവെച്ച മൂന്ന് വാര്‍ഡുകളിലെ വോട്ടെടുപ്പ് ജനുവരി 13 ന്: പ്രത്യേക വിജ്ഞാപനം ഇന്ന്

മാറ്റിവെച്ച മൂന്ന് വാര്‍ഡുകളിലെ വോട്ടെടുപ്പ് ജനുവരി 13 ന്: പ്രത്യേക വിജ്ഞാപനം ഇന്ന്

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുക.

ജനുവരി 13 ന് ഈ വാര്‍ഡുകളില്‍ വോട്ടെടുപ്പ് നടത്തും. ജനുവരി 14 ന് വോട്ടെണ്ണലും നടക്കും. ഡിസംബര്‍ 24 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂക്ഷമ പരിശോധന ഡിസംബര്‍ 26 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 29 ആണ്.

എന്നാല്‍ ഈ വാര്‍ഡുകളില്‍ നിലവില്‍ സ്ഥാനാര്‍ഥികളായവര്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ പ്രത്യേകമായും മാതൃകാ പെരുമാറ്റ ചട്ടം നിലനില്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അതേസമയം വിഴിഞ്ഞം ഡിവിഷനില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ബിജെപിക്ക് വളരെ നിര്‍ണായകമാണ്. 101 അംഗ കൗണ്‍സിലില്‍ 50 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് നിലവില്‍ ബിജെപിക്ക് കുറവുള്ളത്. അതുകൊണ്ട് തന്നെ വിഴിഞ്ഞം വാര്‍ഡില്‍ വിജയിക്കേണ്ടത് ബിജെപിക്ക് അത്യന്താപേക്ഷിതമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.