വീണ്ടും ആശങ്ക പടര്‍ത്തി എച്ച്1 എന്‍1; കൊച്ചിയില്‍ ചികിത്സയിലിരുന്ന നാല് വയസുകാരന്‍ മരിച്ചു

 വീണ്ടും ആശങ്ക പടര്‍ത്തി എച്ച്1 എന്‍1; കൊച്ചിയില്‍ ചികിത്സയിലിരുന്ന നാല് വയസുകാരന്‍ മരിച്ചു

കൊച്ചി: എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലിരുന്ന നാല് വയസുകാരന്‍ മരിച്ചു. എറണാകുളം ആലങ്ങാട് സ്വദേശിയായ ലിയോണ്‍ ഷിബു ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പനി ബാധിതനായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലിയോണിന് എച്ച്1 എന്‍1 പോസിറ്റാവായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മലപ്പുറത്തും രോഗം ബാധിച്ച് ഒരു മരണം സംഭവിച്ചിരുന്നു. പൊന്നാനി സ്വദേശിയായ സൈഫുനിസയാണ് (47) മരിച്ചത്. രണ്ടാഴ്ച മുന്‍പായിരുന്നു ഇയാള്‍ക്ക് രോഗം ബാധിച്ചത്. പനി കൂടിയതിനെ തുടര്‍ന്ന് ഈ മാസം 14 ന് തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വായുവിലൂടെ പകരുന്ന വൈറസ് രോഗമാണ് എച്ച്1 എന്‍1. സാധാരണക്കാരില്‍ രോഗലക്ഷണങ്ങള്‍ ഒന്ന് മുതല്‍ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാര്‍, രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍, മുതിര്‍ന്നവര്‍, മറ്റ് ഗുരുതരരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സ തേടിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജലദോഷത്തോടെയുള്ള പനി പിടിപെട്ടാല്‍ ഉടന്‍ ചികിത്സതേടണമെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.