തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

തിരുവനന്തപുരം: ഈ മാസം അവസാനം നടക്കാനിരിക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലില്‍ ആകും മായാത്ത മഷി പുരട്ടുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2024 ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം

വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ് ഈ തീരുമാനം.
ഈ നിര്‍ദേശം ജൂലൈ 30 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ജൂലെ 30 ന് ആണ് സംസ്ഥാനത്തെ 49 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോധ്യമായാല്‍ ഇടതു കൈയ്യിലെ ചൂണ്ടുവിരല്‍ പ്രിസൈഡിങ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടാം.

വോട്ടറുടെ ഇടത് ചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷി അടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ഇത് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിച്ചിരുന്നു. വോട്ടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതല്‍ നിലവില്‍ വന്നു. ഗ്രാമ പഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളില്‍ അതത് വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.