നിപ സംശയം: പതിനഞ്ചുകാരന്റെ നില ഗുരുതരം; സ്രവം പരിശോധനയ്ക്ക് അയച്ചു, സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേര്‍ നിരീക്ഷണത്തില്‍

നിപ സംശയം: പതിനഞ്ചുകാരന്റെ നില ഗുരുതരം;  സ്രവം പരിശോധനയ്ക്ക് അയച്ചു, സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സ്രവം പുനെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു.

മലപ്പുറം ചെമ്പ്രശേരി പാണ്ടിക്കാട് സ്വദേശിയായ പതിനഞ്ചുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ നാല് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യ തവണ നിപ രോഗ ബാധയേത്തുടര്‍ന്ന് 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ല്‍ പന്ത്രണ്ടുകാരനും 2023 ല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

നിപ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേരും. ഉച്ചയ്ക്ക് ശേഷം മലപ്പുറത്താണ് യോഗം. ആരോഗ്യമന്ത്രി വീണ ജോര്‍ജ് മലപ്പുറത്തേക്ക് തിരിച്ചു.

അതേസമയം, കുട്ടിയ്ക്ക് നിപയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മലപ്പുറം കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. കുട്ടിയുടെ സ്രവം പരിശോധനയ്ക്കയച്ചതിന്റെ ഫലം വൈകുന്നേരം ലഭിക്കുമെന്നും അതോടെ മാധ്യമങ്ങളെ കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു. നിപ സംശയിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിതായും അദേഹം പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.