ഏഴ് ഫലങ്ങള്‍ നെഗറ്റീവ്: സമ്പര്‍ക്കപ്പട്ടികയില്‍ 330 പേര്‍; കേന്ദ്ര സംഘം ഉടന്‍ എത്തും

ഏഴ് ഫലങ്ങള്‍ നെഗറ്റീവ്: സമ്പര്‍ക്കപ്പട്ടികയില്‍ 330 പേര്‍; കേന്ദ്ര സംഘം ഉടന്‍ എത്തും

തിരുവനന്തപുരം: മലപ്പുറത്ത് നിപ സംശയത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴ് പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആറ് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കള്‍ക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 330 പേരാണുള്ളത്. ഇവരില്‍ 101 പേരെ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. മരിച്ച കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം മരത്തില്‍ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രദേശത്ത് വീടുകള്‍ കയറിയുള്ള സര്‍വെ അടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നാളെ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.