ബുധനില്‍ വലിയ തോതില്‍ വജ്ര സാന്നിധ്യത്തിന്റെ സാധ്യത കണ്ടെത്തി ശാസ്ത്രജ്ഞര്‍. ബെയ്ജിങിലെ സെന്റര്‍ ഫോര്‍ ഹൈ പ്രഷര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി അഡ്വാന്‍സ്ഡ് റിസര്‍ച്ചിലെ ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.
സാരയൂഥത്തിലെ ബുധന്‍ എന്ന ഗ്രഹത്തില്‍ വന്‍ വജ്രശേഖരമുണ്ടാവാമെന്നാണ് യാന്‍ഹാവോ ലിന്‍ എന്ന ഗവേഷകന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലെ കണ്ടെത്തല്‍. ബുധന്റെ ഉപരിതലത്തില്‍ നിന്നും നൂറുകണക്കിന് മൈലുകള്‍ക്ക് താഴെ കിലോമീറ്ററുകളോളം വജ്രങ്ങളുടെ കട്ടിയുള്ള പാളിക്ക് തന്നെ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.
ബുധനില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബണുണ്ട്. നാസയുടെ മെസഞ്ചര്‍ ബഹിരാകാശ പേടകം ബുധന്റെ ഉപരിതലത്തില്‍ അസാധാരണമായ കറുത്ത പ്രദേശങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരു തരം കാര്‍ബണായ ഗ്രാഫൈറ്റാണ് ഇതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ചുട്ടുപഴുത്ത ലാവ തണുത്തുറഞ്ഞാണ് ബുധന്‍ രൂപപ്പെട്ടത് എന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം. ഈ ലാവ സിലിക്കേറ്റും കാര്‍ബണും നിറഞ്ഞതായിരുന്നു. ഗ്രഹത്തിന്റെ പുറംതോടും മാന്റിലും മാഗ്മ ക്രിസ്റ്റലൈസേഷനിലൂടെയാണ് രൂപപ്പെട്ടത്. എന്നാല്‍ ലോഹ ഭാഗങ്ങള്‍ ചേര്‍ന്നാണ് അകക്കാമ്പുണ്ടായത്.
മാന്റിലിലെ താപനിലയും മര്‍ദവും കാര്‍ബണ്‍ ഗ്രാഫൈറ്റായി മാറാന്‍ അനുകൂലമാണെന്നായിരുന്നു നേരത്തെ ഗവേഷകര്‍ കരുതുയിരുന്നത്. എന്നാല്‍ ബുധന്റെ മാന്റില്‍ കരുതിയിരുന്നതിനേക്കാള്‍ 50 കിലോമീറ്റര്‍ ആഴത്തിലാവാം എന്നാണ് 2019 ലെ കണ്ടെത്തല്‍.
അതിനാല്‍ തന്നെ താപനിലയും മര്‍ദ്ദവും ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും. അതിന്റെ ഫലമായി കാര്‍ബണ്‍ വജ്രമായി രൂപാന്തരപ്പെടുമെന്ന് പഠനത്തില്‍ പറയുന്നു. ഇത് തെളിയിക്കാന്‍ ബെല്‍ജിയന്‍, ചൈനീസ് ഗവേഷകരുടെ സംഘം കാര്‍ബണ്‍, സിലിക്ക, ഇരുമ്പ് എന്നിവ ഉപയോഗിച്ച് ബുധന്റെ ആന്തരിക ഘടനയ്ക്ക് സമാനമായ രാസ സംയുക്തം തയ്യാറാക്കി.
കമ്പ്യൂട്ടര്‍ മോഡലിന്റെ സഹായത്തോടെ വജ്ര രൂപീകരണ സാധ്യത കണ്ടെത്തി. പക്ഷേ ഈ വജ്രങ്ങള്‍ ഖനനം ചെയ്യുന്നത് പ്രായോഗികമല്ല. ഒന്നാമത്തെ കാരണം ഗ്രഹത്തിലെ ഉയര്‍ന്ന താപനില. മാത്രമല്ല വജ്രങ്ങള്‍ ഉപരിതലത്തില്‍ നിന്ന് ഏകദേശം 485 കിലോ മീറ്റര്‍ താഴെയാണ് സ്ഥിതി ചെയ്യുന്നത്.