ഐ എസ് കൊലപ്പെടുത്തിയ യസീദികളുടെ സംസ്കാരം നടത്തി

ഐ എസ്  കൊലപ്പെടുത്തിയ  യസീദികളുടെ  സംസ്കാരം നടത്തി

മൊസൂൾ: കഴിഞ്ഞ ആറ് വർഷത്തിനിടെ ഐ എസ് കൂട്ടക്കൊല ചെയ്ത യസീദി ന്യൂനപക്ഷത്തിലെ നൂറിലധികം അംഗങ്ങളെ വടക്കൻ ഇറാഖി ഗ്രാമത്തിൽ സംസ്‌കരിച്ചു. ശനിയാഴ്ച സിൻജാർ പ്രവിശ്യയിലുള്ള കൊച്ചോ പ്രദേശത്തെ ഒരു ശ്മശാനത്തിലേക്ക് സൈനികർ ശവപ്പെട്ടിയുമായി നീങ്ങുന്നത് കാണാമായിരുന്നു.   

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിലൂടെയാണ് കൂട്ട ശവക്കുഴികളിൽ നിന്ന് ഈ മൃതദേഹങ്ങൾ പുറത്തെടുത്തത്. കൊല്ലപ്പെട്ട ആളുകളുടെ കുടുംബത്തിൽ നിന്ന് എടുത്ത ഡിഎൻ‌എ സാമ്പിളുകൾ പരിശോധിച്ച് വ്യക്‌തികളെ തിരിച്ചറിയുകയും ചെയ്തു. അസ്ഥികൾമാത്രം അവശേഷിക്കുന്ന മൃതദേഹത്തിൽ എല്ലുകൾ എല്ലാം തന്നെ പൂർണ്ണമായും കണ്ടെടുക്കാനായിട്ടില്ല. വെള്ളപ്പൊക്കത്തിൽ പലതും ഒലിച്ചു പോയി എന്ന് കരുതുന്നു.

യസീദികൾ ഇപ്പോഴും സ്വന്തം നാടായ സിൻജാറിലേക്ക് മടങ്ങാൻ ഭയപ്പെടുന്നുവെന്ന് ഇറാഖിലെ ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഹമ്മുറാബി എന്ന സംഘടനയുടെ സ്ഥാപകനായ വില്യം വാർഡ പറഞ്ഞു. 2014 മുതൽ 2017 വരെ ഇറാഖിലെ വിവിധ പ്രവിശ്യകളിൽ ഐ എസ്ന്റെ ആധിപത്യം ഉണ്ടായിരുന്നു.

മുസ്‌ലീം അല്ലാത്ത മത വിശ്വാസങ്ങളെ ഉന്മൂലനാശം ചെയ്യുക പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ക്രിസ്ത്യാനികളോടൊപ്പം വിശ്വാസങ്ങളുള്ള ആത്മീയ ന്യൂനപക്ഷമായ യസീദികളും വംശഹത്യക്കിരയായി. ഇസ്ലാമിക തീവ്രവാദികൾ യസീദി ഗ്രാമങ്ങളും അവരുടെ ആത്മീയ കേന്ദ്രങ്ങളും നശിപ്പിച്ചു, പുരുഷന്മാരെ വെടിവച്ചു കൊന്നു. നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി അടിമചന്തയിൽ വാങ്ങുകയും വിൽക്കുകയും ചെയ്തു. ഇറാഖിലെ യസീദി ഗ്രൂപ്പിന് നേരെയുള്ള ആക്രമണം ന്യൂനപക്ഷ വിഭാഗത്തിനെതിരായ വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.