സുരേഷ് ഗോപി റീല്‍ ഹീറോ മാത്രമാകരുത്; സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: സിറോ മലബാര്‍ സഭ അല്‍മായ ഫോറം

സുരേഷ് ഗോപി റീല്‍ ഹീറോ മാത്രമാകരുത്; സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: സിറോ മലബാര്‍ സഭ അല്‍മായ ഫോറം

കൊച്ചി: തൃശൂര്‍ എംപി സുരേഷ് ഗോപി റീല്‍ ഹീറോ മാത്രമാകരുതെന്നും സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും സിറോ മലബാര്‍ സഭ അല്‍മായ ഫോറം.

ഏറെ പ്രതീക്ഷകളോടെയാണ് സുരേഷ് ഗോപിയെ തൃശൂരുകാര്‍ പാര്‍ലിമെന്റിലേക്ക് വിജയിപ്പിച്ചു വിട്ടത്. സംസ്ഥാനത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും ബജറ്റില്‍ ആവശ്യമായ പരിഗണന ലഭിച്ചില്ല. 'സ്ത്രീശക്തി മോഡിക്കൊപ്പം' എന്ന മഹിളാ സമ്മേളനത്തിലെ വാക്കുകള്‍ പാഴ്വാക്കുകളായി.

കക്ഷി രാഷ്ട്രീയമില്ലാത്ത തൃശൂര്‍ ജില്ലയിലെ സ്ത്രീകളുടെ വോട്ടുകളാണ് കൂടുതല്‍ കിട്ടിയതെന്ന് സുരേഷ് ഗോപി മനസിലാക്കണമെന്നും സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. തൃശൂരിലെ ക്രൈസ്തവ സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നില്‍ കാര്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദേഹം ഓര്‍മിപ്പിച്ചു.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തോട് പോലും നീതി കാണിക്കാന്‍ കേന്ദ്ര ബജറ്റിനായില്ല. തൃശൂരിലേക്ക് പുതിയ ടൂറിസം പദ്ധതികള്‍ വരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ജനങ്ങള്‍. അതിലൊന്നാണ് ടൂറിസം സ്പിരിച്വല്‍ സര്‍ക്യൂട്ട്. എയിംസിന്റെ പ്രഖ്യാപനം തൃശൂരിലേക്കാകുമോ എന്ന പ്രതീക്ഷയും തീര്‍ന്നു.

റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതി കേരളത്തിനായി കൊണ്ടുവരുമെന്ന പ്രതീക്ഷയും വെള്ളത്തിലായി. കൊച്ചി മെട്രോ തൃശൂര്‍ വരെ നീട്ടുന്നതടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാവരും പ്രതീക്ഷിച്ചുവെന്ന് അദേഹം പറഞ്ഞു.

കേരളത്തിന് ഒരു കേന്ദ്ര മന്ത്രിയെ ലഭിച്ചാല്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്നും സമാനതകളില്ലാത്ത വികസനത്തിന് കേരളം സാക്ഷിയാകുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് ആവര്‍ത്തിച്ച് വാദിച്ചത്. അതെല്ലാം ജലരേഖയായി മാറി.

കേവലം ഡയലോഗിനപ്പുറം വികസന പ്രസ്താവനകള്‍ നടത്തുമ്പോള്‍ അത് പ്രയോഗികമാകുമോ എന്ന് കൂടി തൃശൂര്‍ എംപി ചിന്തിക്കണം. അദേഹം റീല്‍ ഹീറോ മാത്രമാകരുത്, സാധരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അല്‍മായ ഫോറം സെക്രട്ടറി ഓര്‍മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.