ആലപ്പുഴ: പൊലീസ് സേനയില്‍ ജോലിക്ക് കയറുന്നവര്‍ ജോലി ഭാരത്തെ തുടര്‍ന്ന് രാജിവച്ച് പോവുകയാണെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. മനുഷ്യനാല്‍ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. ജോലി ഭാരം താങ്ങാനാകാതെ ജീവനും കൊണ്ട് രക്ഷപ്പെടുകയാണ് പൊലീസുകാര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാരും ഇക്കാര്യം പരിശോധിക്കണമെന്നും അദേഹം പറഞ്ഞു.
കേരള പൊലീസ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഡിജിപി.
'രണ്ട് ലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവര്‍ഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ജോലി ഭാരംമൂലം നാല് വര്‍ഷത്തിനിടെ 81 ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തു. 890 പേര്‍ അച്ചടക്ക നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. 193 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചതില്‍ 27 പേര്‍ മാസങ്ങള്‍ക്കകം ജോലി രാജിവച്ച് പ്യൂണ്‍, ക്ലര്‍ക്ക് ജോലികള്‍ക്ക് പോയി. 100 പേര്‍ പൊലീസ് ജോലിക്ക് കയറിയാല്‍ ആറ് മാസത്തിനകം 25 പേര്‍ രാജിവച്ചു പോകുന്ന സ്ഥിതിയാണ്.- അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.