സ്‌കൂള്‍ ഏകീകരണ തീരുമാനത്തിലുറച്ച് സര്‍ക്കാര്‍; ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും ഒന്നാകും

സ്‌കൂള്‍ ഏകീകരണ തീരുമാനത്തിലുറച്ച് സര്‍ക്കാര്‍; ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും ഒന്നാകും

തിരുവനന്തപുരം: സ്‌കൂള്‍ ഏകീകരണ തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വേര്‍തിരിവില്ലാതെ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒറ്റ യൂണിറ്റാക്കി മാറ്റാനുള്ള ശുപാര്‍ശ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. പ്രതിപക്ഷ സംഘടനകളുടെ എതിര്‍പ്പിനിടയിലാണ് സര്‍ക്കാരിന്റെ നീക്കം.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ ഏകീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ സമയം വേണമെന്ന ആവശ്യമുയര്‍ന്നതിനാല്‍ ഏകീകരണത്തിലെ ചര്‍ച്ച മറ്റൊരു മന്ത്രിസഭാ യോഗത്തിലേക്കു മാറ്റി. സ്‌കൂള്‍ സമയ മാറ്റം ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും വിവാദ ഭാഗം ഒഴിവാക്കി ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.

രാവിലെ എട്ടിനോ എട്ടരയ്‌ക്കോ സ്‌കൂള്‍ തുടങ്ങാമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. എന്നാല്‍ ഇതിനെതിരെ സമുദായ സംഘടനകള്‍ രംഗത്തു വന്നിരുന്നു. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഉള്‍പ്പെടുത്തിയുള്ള സെക്കന്‍ഡറിയാണ് കേന്ദ്ര വിദ്യാഭ്യാസ ഘടന. ഈ ഘടനയിലേക്ക് കേരളം ഇതുവരെ മാറിയിട്ടില്ല.

എട്ട് മുതല്‍ പത്ത് വരെ ഹൈസ്‌കൂളും തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറിയുമെന്ന നിലയിലാണ് സംസ്ഥാനത്തെ ഘടന. എട്ട് മുതല്‍ പ്ലസ് ടു വരെ ഒറ്റ യൂണിറ്റായി മാറുന്നതോടെ ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകര്‍ ഹൈസ്‌കൂളിലും പഠിപ്പിക്കേണ്ടി വരും. അധ്യാപക തസ്തിക വെട്ടിച്ചുരുക്കാനാണ് ഈ മാറ്റമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആക്ഷേപം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.