സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു: കേന്ദ്ര ബജറ്റിന് ശേഷം പവന് ഇതുവരെ കുറഞ്ഞത് 3,560 രൂപ

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു: കേന്ദ്ര ബജറ്റിന് ശേഷം പവന് ഇതുവരെ കുറഞ്ഞത് 3,560 രൂപ

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണ വിലയിലുണ്ടായ ഇടിവ് തുടരുന്നു. ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ അന്നുതന്നെ സ്വര്‍ണ വില പവന് 2000 രൂപ കുറഞ്ഞിരുന്നു.

ഇന്ന് രാവിലെ 51,200 രൂപയായിരുന്ന വില പവന് 800 രൂപ കുറഞ്ഞ് 50,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയിലെത്തി.
ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ സ്വര്‍ണം പവന് കുറഞ്ഞത് 3,560 രൂപയാണ്.

ഇന്ന് രാവിലത്തെ നിരക്ക് നിര്‍ണയ യോഗത്തില്‍ നിരക്ക് മാറ്റം വേണ്ടെന്ന് തീരുമാനിച്ച കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 11 മണിയോടെയാണ് വില കുറയ്ക്കാന്‍ തീരുമാനമെടുത്തത്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായാണ് കുറച്ചത്.

ഇത് കേരളത്തിലെ വിലയില്‍ കുറവുണ്ടാക്കുന്നില്ലെന്ന് വിമര്‍ശനമുണ്ടായിരുന്നു. പല വ്യാപാരികളും ഉയര്‍ന്ന നിരക്കില്‍ വാങ്ങിയ സ്വര്‍ണമാണ് ഇപ്പോള്‍ വിറ്റഴിക്കുന്നത്. അതുകൊണ്ട് തന്നെ ഉയര്‍ന്ന വിലയില്‍ വാങ്ങിയ സ്റ്റോക്ക് വിറ്റഴിച്ച ശേഷം വില കുറയ്ക്കാമെന്ന നിലപാടിലായിരുന്നു വ്യാപാരികള്‍.

മെയ് 20 ന് സ്വര്‍ണ വില സര്‍വകാല റെക്കോഡായ പവന് 55,120 എന്ന നിരക്കിലെത്തിയിരുന്നു. ഇനി പവന്റെ വില അര ലക്ഷത്തില്‍ നിന്ന് കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് സ്വര്‍ണം വാങ്ങാനിരിക്കുന്നവരും നിക്ഷേപങ്ങള്‍ നടത്തുന്നവരും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.