കൊച്ചി: മൂവാറ്റുപുഴ നിർമ്മല കോളജിൽ നിസ്ക്കരിക്കാൻ മുറി വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ ശ്രമിച്ചതിൽ പ്രതിഷേധം രേഖപെടുത്തി കത്തോലിക്ക കോൺഗ്രസ്. ചില മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളും ഇതിന് കൂട്ടുണ്ടായിരുന്നു എന്നത് അപലപനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിലൂടെ അറിയിച്ചു. ക്യാമ്പസുകളിൽ വിഭാഗിയത വളർത്തുന്ന ശ്രമങ്ങളെ വേരോടെ പിഴുതെറിയേണ്ടതുണ്ട്.
സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്‌കരിക്കാനുള്ള മുറി അനുവദിക്കാനാവില്ല. എന്നാൽ അടുത്തുള്ള മോസ്കിൽ വെള്ളി ആഴ്ചകളിൽ നിസ്കരിക്കേണ്ട വിദ്യാർത്ഥികൾക്ക് അതിനുള്ള അനുവാദം നൽകും. അടുത്തുള്ള മോസ്കുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം ഇല്ല എന്ന കാരണം പറഞ്ഞു പെൺകുട്ടികൾക്ക് മാത്രമായി നിസ്കരിക്കാനുള്ള സൗകര്യം മാനേജ്‌മെൻറ് ചെയ്തു കൊടുക്കണം എന്ന് ചിലയിടങ്ങളിൽ ആവശ്യം ഉയർന്നിട്ടുണ്ട്. മോസ്കുകളിൽ പ്രവേശനം ഇല്ലാത്തത്തിന് സഭയുടെ സ്ഥാപനങ്ങളിൽ വേണ്ട സൗകര്യം ചെയ്തു കൊടുക്കണം എന്ന നിർബന്ധ ബുദ്ധി ആരും പിടിക്കേണ്ടതില്ല.
കലാലയങ്ങളിൽ നിസ്കാര മുറി വേണമെന്ന് നിർബന്ധം പിടിക്കാതെ മോസ്കുകളിൽ പെൺകുട്ടികൾക്ക് കൂടി നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കാനും അനുവാദം നൽകാനും മുസ്ലിം ആത്മീയ നേതാക്കന്മാർ ശ്രദ്ധിക്കുന്നതായിരിക്കും ഉചിതം. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനം ഭരണഘടന പ്രകാരം ക്രൈസ്തവ സംസ്കാരം സംരക്ഷിക്കാൻ കൂടി ഉള്ള ഇടമാണ്. അത് അലങ്കോലപ്പെടുത്താൻ സമ്മതിക്കില്ലെന്നും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
ക്രൈസ്തവ സ്ഥാപനങ്ങളിൽ നിസ്കരിക്കാൻ സൗകര്യമൊരുക്കാൻ പറയുന്നവർ മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൂജാമുറികളും ചാപ്പലുകളും നിർമിക്കാൻ ആവശ്യപ്പെടുമോ എന്ന ചോദ്യവുമായി വിവിധ ക്രൈസ്തവ സംഘടകനൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നുണ്ട്.
ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡയറക്ടർ ഡോ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ ടോണി പുഞ്ചകുന്നേൽ, വൈസ് പ്രസിഡൻ്റുമാരായ പ്രൊഫ. കെ എം ഫ്രാൻസിസ്, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആൻ്റണി, തമ്പി എരുമേലിക്കര,തോമസ് ആൻറണി, ഡോ കെ പി സാജു, ജോമി കൊച്ചുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.