തൃശൂര്‍: വലപ്പാട് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ധന്യ മോഹനന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കും. ധന്യ കുറ്റം സമ്മതിച്ചതായി കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി കെ. രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.
തട്ടിപ്പ് നടത്തി സമ്പാദിച്ച പണം ഓണ്‍ലൈന്‍ ട്രേഡിങിനും സുഹൃത്തുക്കള്‍ക്ക് കടം നല്‍കുന്നതിനുമാണ് ഉപയോഗിച്ചത്. ഓണ്‍ലൈന്‍ ട്രേഡിങിന്റെ ഭാഗമായി ലാഭ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായും ഡി.വൈ.എസ്.പി പറഞ്ഞു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ധന്യാ മോഹന്‍ കഴിഞ്ഞ ദിവസം കീഴടങ്ങുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്.
തട്ടിപ്പ് നടന്ന സ്ഥാപനത്തില്‍ 20 വര്‍ഷമായി ഇവര്‍ ജീവനക്കാരിയായിരുന്നു. അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്ന ധന്യ അഞ്ച് വര്‍ഷം കൊണ്ടാണ് ഇത്രയും തുക തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ധന്യയുടേയും കുടുംബാംഗങ്ങളുടേയും അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരുന്നത്.