തിരുവനന്തപുരം: ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വടക്കന്‍ ചത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ 31 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി അറിയിപ്പുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.