ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പൂര്‍ണമായും ഉപേക്ഷിച്ചുവെന്ന് എം. വിജിന്‍ എംഎല്‍എ.
തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാനുള്ള നീക്കം രക്ഷാ ദൗത്യം നിര്‍ത്താന്‍ വേണ്ടിയായിരുന്നു. ദൗത്യം തുടരുമെന്ന് പറഞ്ഞ ആരെയും മേഖലയില്‍ കാണാനില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായ ഒരു സംവിധാനങ്ങളും സ്ഥലത്തില്ല.
രക്ഷാ പ്രവര്‍ത്തനത്തിനായി നാവിക സേന ഷിരൂരിര്‍ തുടരുമെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. ഗംഗാവാലിയില്‍ ഒഴുക്ക് കുറയുന്നതുവരെ തുടരാന്‍ നാവിക സേനയോട് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡൈവ് ചെയ്യാന്‍ കഴിയുന്ന സാഹചര്യം വരുന്നതുവരെ തുടരാനാണ് നിര്‍ദേശം.
എന്നാല്‍ എന്‍ഡിആര്‍എഫിന്റേയും നാവിക സേനയുടേയും സംഘം സംഭവസ്ഥലത്തു നിന്ന് മടങ്ങി. അര്‍ജുന് വേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോള്‍ ഷിരൂരില്‍ നടക്കുന്നില്ല.
ദേശീയപാത സഞ്ചാര യോഗ്യമാക്കുന്നതിനുള്ള നടപടികളാണ് ഇവിടെ പുരോഗമിക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാരും സമാന നിലപാടാണ് സ്വീകരിച്ചത്.