വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍: നിരവധി മരണം; എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍: നിരവധി മരണം; എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍. പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് 4.10 ന് വീണ്ടും ഉരുള്‍പൊട്ടി. എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. ഇതില്‍ ഒരാള്‍ വിദേശി ആണെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങളും ഒഴുകിപ്പോയി. പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് തിരിച്ചിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സും ജന പ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്.
കോഴിക്കാട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയില്‍ ഒട്ടേറെ വീടുകളും കടകളും തകര്‍ന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണില്‍ വെള്ളം കയറി. പുഴകളില്‍ ജലനിരപ്പുയരുന്നുണ്ട്.

വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.