കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് സ്‌കൂബാ ഡൈവിങ് സംഘവും എത്തുന്നു. തിരുവനന്തപുരത്തു നിന്നും വയനാട്ടിലേക്ക് സ്‌കൂബാ ഡൈവിങ് സംഘം യാത്ര തിരിച്ചു.
ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിക്ക് വേണ്ടി തെരച്ചില്‍ നടത്തിയ 100 അംഗ ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘമാണ് വയനാട്ടിലെത്തുക. സൈന്യവും എന്‍ഡിആര്‍എഫ് സംഘവും പുഴ കടന്ന് മുണ്ടക്കൈയില്‍ എത്തിയിട്ടുണ്ട്.
വ്യോമ സേനയുടെ ഹെലികോപ്ടറും സ്ഥലത്തി രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ദുരന്ത ഭൂമിയില്‍ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയില്‍ കണ്ടെത്തിയെന്നാണ് വിവരം.
കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്(ഡി.എസ്.സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടില്‍ എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയെയും വയനാട്ടില്‍ വിന്യസിച്ചിട്ടുണ്ട്.