മാനന്തവാടി: കേരളത്തെ നടുക്കിയ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം അഗാധമായ ദുഖം രേഖപ്പെടുത്തി. പ്രതികൂല കാലാവസ്ഥയില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേര്‍ന്നതോടൊപ്പം അപകടത്തില്‍ പരിക്കേറ്റവര്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ മൂലം ജീവിതോപാധികള്‍ ഇല്ലാതായവര്‍ക്കും സാധ്യമായ സഹായസഹകരണങ്ങള്‍ നല്‍കാന്‍ മാനന്തവാടി രൂപത സന്നദ്ധമാണെന്നും അറിയിച്ചു.
സമാനതകളില്ലാത്ത വിധം നാശനഷ്ടങ്ങള്‍ക്കിടയാക്കിയ ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്തത്തിന്റെ ആഘാതം പരമാവധി ലഘൂകരിക്കുന്നതിന് ഈ സംവിധാനങ്ങളോട് പൊതുജനം പരമാവധി സഹകരിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷണം വസ്ത്രം മുതലായ അടിയന്തിര ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
ദുരന്തബാധിത പ്രദേശത്ത് മാനന്തവാടി രൂപതയുടെ കീഴിലുള്ള ദേവാലയങ്ങള്‍ അടിയന്തിരമായ സഹായ സഹകരണങ്ങള്‍ക്ക് തയ്യാറാകണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല രൂപതയുടെ എല്ലാ സംവിധാനങ്ങളും സംഘടനകളും ഈ ദുരന്തത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കുന്നതിന് സജ്ജമാണെന്നും ജനത്തിന് ആവശ്യമായ സഹായം നല്‍കുന്നതിന് മുന്നിട്ടിറങ്ങുമെന്നും രൂപതാ നേതൃത്വം അറിയിച്ചു.
കാലാവസ്ഥ വളരെ വേഗം അനുകൂലമാകുന്നതിനും രക്ഷാ പ്രവര്‍ത്തനം സുഗമമാകുന്നതിനുമായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.