കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ അന്ത്യയാത്ര ചൊല്ലുമ്പോള്‍ മേപ്പാടിയിലെ പൊതു ശ്മശാനം കണ്ണീര്‍ പുഴയായി. ഹൃദയം മുറിയുന്ന കാഴ്ചകളാണവിടെ.
കണ്ട സ്വപ്നങ്ങളും ഒരു മനുഷ്യായുസിലെ സമ്പാദ്യങ്ങളും ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോള്‍ അവസാനിക്കുമെന്ന് ആരും കരുതിയില്ല. ദുരന്തം കവര്‍ന്ന പ്രിയപ്പെട്ടവരെ ഓര്‍ത്ത് ഉയരുന്ന നിലവിളിയില്‍ മേപ്പാടി പൊതു ശ്മശാനം വിറങ്ങലിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴ് മുതല്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് വരെ 15 മൃതശരീരങ്ങളാണ് സംസ്‌കരിച്ചത്. രാവിലെ ഏഴ് മുതല്‍ വീണ്ടും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു തുടങ്ങി. അക്കൂട്ടത്തില്‍ ശരീര ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിരവധി മൃതദേഹങ്ങളുമുണ്ടായിരുന്നു. മുഖം പോലും കാണാന്‍ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങള്‍ കണ്ണീര്‍ കാഴ്ചയായി.
സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ളവരാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹൃദയം തകരുന്ന കാഴ്ചകളും നിലവിളി ശബ്ദങ്ങളും ഉയരുന്ന ദുരന്ത ഭൂമിയും, ആശുപത്രി വരാന്തകളും പൊതു ശ്മശാനവും ളള്ളുലയ്ക്കുന്നു.