കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 245 ആയി. 240 ആളുകളെപ്പറ്റി ഇതുവരെ വിവരമില്ല. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.
ചൂരല്‍ മലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിഞ്ഞ 102 മൃതദേഹങ്ങളില്‍ നടപടി പൂര്‍ത്തിയാക്കിയ 75 എണ്ണം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി സംസ്‌കരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 15 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
1592 പേരെയാണ് ഇതുവരെ ദുരന്ത മുഖത്ത് നിന്നും രക്ഷിച്ചത്. ഇവരില്‍ 195 പേരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. ഇതില്‍ 90 പേര്‍ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്. വയനാട്ടില്‍ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.
ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയുമുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെ തന്നെ ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് വൈദ്യുതിബന്ധം പുനസ്ഥാപിച്ചിരുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്‌സിജന്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ പോയിന്റ് സൗകര്യമൊരുക്കും. ഇവിടെ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും മുതിര്‍ന്ന ഉദ്യോഗസ്ഥനെയും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയമിക്കും.
ഇന്ന് വയനാട് കലക്ടറേറ്റില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിന്റേതാണ് തീരുമാനം. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, വി. അബ്ദുറഹ്മാന്‍, കെ. കൃഷ്ണന്‍കുട്ടി, ജി.ആര്‍ അനില്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ.ആര്‍. കേളു തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട് വിഷയത്തില്‍ ലോക്‌സഭയില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് അവതരിപ്പിച്ച കെ.സി വേണുഗോപാല്‍ എം.പി കനത്ത നാശമാണ് വായനാട് സംഭവിച്ചതെന്ന് പറഞ്ഞു. മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകി, ഗ്രാമം അപ്പാടെ ഒലിച്ചു പോയി, നിരവധി പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം കൈകോര്‍ത്ത ജനങ്ങള്‍ കേരളത്തിന്റെ പ്രത്യേകതയാണെന്നും അദേഹം പറഞ്ഞു.
ദുരന്തില്‍ ഇരുനൂറിലധികം പേരെ ഇനിയും കാണാനില്ലെന്നും സൈന്യം കൂടി ഇറങ്ങിയതോടെ നല്ല രീതിയിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും വിശദീകരിച്ചു. അതേസമയം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ അമിത് ഷാ പ്രതികരിച്ചില്ല.