പാരീസ്: ഉദ്ഘാടന ചടങ്ങിനിടെ തിരുവത്താഴത്തെ പരിഹസിച്ചുള്ള സ്വവര്‍ഗാനുരാഗികളുടെ സ്‌കിറ്റ് ഉള്‍പ്പെടുത്തിയത് മുതൽ ആരംഭിച്ച ഒളിമ്പിക്സിലെ വിവാദങ്ങൾക്കിടെ യേശുവിന് പരസ്യ സാക്ഷ്യവുമായി 16 വയസ് മാത്രമുള്ള ബ്രസീലിയൻ താരം. വെങ്കല മെഡൽ കരസ്ഥമാക്കിയ ബ്രസീലിയൻ സ്കേറ്റർ റെയ്സ ലീലാണ് പതിനായിരക്കണക്കിന് കാണികളെ സാക്ഷി നിർത്തി തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചത്.
ഒളിമ്പിക് ചാർട്ടർ അതിൻ്റെ 50-ാം ചട്ടം പ്രകാരം ഒരു തരത്തിലുള്ള രാഷ്ട്രീയമോ മതപരമോ വംശീയമോ ആയ പ്രകടനങ്ങൾ അനുവദനീയമല്ലെന്ന നിയമം നിലനിൽക്കെയാണ് വഴിയും സത്യവും ജീവനും യേശുവാണ് എന്നുള്ള സാക്ഷ്യം ആംഗ്യ ഭാഷയിലൂടെ റെയ്സ കാണിച്ചത്. കുരിശ് ആകൃതിയിലുള്ള പെൻഡൻ്റുള്ള മാലയും റെയ്സ മത്സരത്തിനെത്തിയപ്പോൾ ധരിച്ചിരുന്നു. ട്രാക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇതില്‍ ചുംബിച്ചും ആ കൗമാരക്കാരി തന്റെ വിശ്വാസം പ്രകടമാക്കി.
ഒരു സ്കേറ്റ്ബോർഡ് അത്ലറ്റ് ആകുക എന്നത് തന്റെ സ്വപ്നമായിരുന്നു. രണ്ടാമത്തെ ഒളിമ്പിക്സ് മെഡലാണിത്. ഇവിടെ വന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്. ദൈവത്തിന് ഒരായിരം നന്ദിയെന്ന് റെയ്സ പറഞ്ഞു. "എല്ലാ മത്സരങ്ങളിലും ഞാൻ ആംഗ്യ ഭാഷയിലൂടെ യേശുവിനെ പ്രകീർത്തിക്കുന്നതിനാലാണ് ഇത്തവണയും അങ്ങനെ ചെയ്തത്. ഞാൻ ക്രിസ്ത്യാനിയാണ്, ദൈവത്തിൽ വളരെയധികം വിശ്വസിക്കുന്നു. ദൈവത്തോട് ശക്തി ചോദിക്കുകയും ചെയ്യാറുണ്ട്. ദൈവം യഥാർത്ഥത്തിൽ വഴിയും സത്യവും ജീവനുമാണെന്ന് റെയ്സ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനിടെ ആവർത്തിച്ച് പറഞ്ഞു. ദൈവത്തിന് എപ്പോഴും നന്ദി പറയാറുള്ള അത്ലറ്റ് സോഷ്യൽ മീഡിയ പേജുകളിലൂടെ തിരുവചനങ്ങളും പങ്കിടാറുണ്ട്.